ക്യൂരിയോസിറ്റി ചൊവ്വയിലെ മണ്ണിന്റെ രുചിയറിയുന്നു

      
credit: NASA
     ക്യൂരിയോസിറ്റി മാർസ് റോവർ ചൊവ്വയിലെ മണ്ണിന്റെ വിരലടയാളങ്ങൾ ശേഖരിച്ചു തുടങ്ങി. കെമിസ്ട്രി ആന്റ് മിനറോളജി ഇൻസ്ട്രമെന്റ് (CheMin) ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളിൽ നിന്ന് ചൊവ്വയിലെ മണ്ണിന് ഹവായിയിലെ അഗ്നിപർവ്വതശിലാപടലങ്ങളോട് സാമ്യമുള്ളതായി കണ്ടെത്തി.
      എക്സ്-റെ ഡിഫ്രാക്‌ഷൻ അനലൈസിസ് മാർഗ്ഗം ഉപയോഗിച്ച് ആദ്യമായി നടത്തിയ പഠനമാണ് ചൊവ്വയിലെ മണ്ണിന്റെ ഘടനയെ കുറിച്ചുള്ള പുതിയ വിവരങ്ങൾ നമുക്കു നൽകിയിരിക്കുന്നത്. ഇത് ചൊവ്വയുടെ ഭൂതകാല പാരിസ്ഥിതികാവസ്ഥകളെ കുറിച്ചുള്ള അറിവുകൾ രൂപീകരിക്കുന്നതിന് ശാസ്ത്രജ്ഞരെ സഹായിക്കും. മണ്ണിലടങ്ങിയിരിക്കുന്ന ഓരോ ധാതുക്കളെ കുറിച്ചു കിട്ടുന്ന അറിവുകളും അവ രൂപം കൊണ്ട പശ്ചാത്തലത്തെ കുറിച്ചുകൂടി വിവരം നൽകുന്നതായിരിക്കും.
     ചെമിനിൽ (CheMin) ഉപയോഗിച്ചിരിക്കുന്ന എക്സ്‌-റെ വിശകലന സംവിധാനം ഭൗമശാസ്ത്രജ്ഞർ വലിയ ലബോറട്ടറി സൗകര്യങ്ങൾ ഉപയോഗിച്ചു ചെയ്യുന്നതാണ്. ചൊവ്വയിൽ പക്ഷെ ഇത് ആദ്യമായാണ് ഉപയോഗപ്പെടുത്തുന്നത്. മുമ്പുപയോഗിച്ച മാർഗ്ഗങ്ങളെ അപേക്ഷിച്ച് ഇത് കൂടുതൽ മെച്ചപ്പെട്ട വിവരങ്ങൾ നൽകുന്നതിന് സഹായിക്കും.
      0.006 ഇഞ്ച് മാത്രം വലിപ്പമുള്ള പൊടികളെയാണ് ക്യൂരിയോസിറ്റി ഈ പഠനത്തിനു വേണ്ടി തെരഞ്ഞെടുത്തത്. ഇത് ചൊവ്വയിലെ പൊടിക്കാറ്റു വഴി എല്ലായിടത്തും വ്യാപിക്കുന്നതും എന്നാൽ കൂടുതലും അതാതിടങ്ങളിൽ തന്നെ രൂപം കൊണ്ടതുമായിരിക്കും. ഏതാനും ആഴ്ചകൾക്കു മുമ്പ് ക്യൂരിയോസിറ്റി വിശകലനം ചെയ്ത കോഗ്ലോമെറേറ്റ് ശിലകൾ ശതകോടി വർഷങ്ങൾക്കു മുമ്പ് രൂപം കൊണ്ടവയും ഒഴുക്കു വെള്ളം കൊണ്ടു ആകൃതി പ്രാപിച്ചവയുമാണ്. എന്നാൽ ചെമിൻ പരിശോധിച്ച പൊടിപടലങ്ങൾ താരതമ്യേന അടുത്ത കാലത്ത് രൂപം കൊണ്ടവയും ജലസ്പർശമേൽക്കാത്തവയുമാണ്.
      ചൊവ്വാഗ്രഹം ആകെ പൊടിപടലങ്ങളാൽ മൂടപ്പെട്ടതാണ്. പക്ഷെ ഇവയെ കുറിച്ചുള്ള നമ്മുടെ അറിവ് പരിമിതമാണ്. ഈ പൊടിപടലങ്ങളെയും ശിലാഖണ്ഡങ്ങളെയും കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നതോടെ ചൊവ്വയുടെ ചരിത്രം കൂടുതൽ വ്യക്തമാവും.

അഭിപ്രായങ്ങള്‍